National
ന്യൂഡൽഹി: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിംഗ്ടൺ പോസ്റ്റിലുണ്ടായ കൂട്ടപ്പിരിച്ചുവിടലിൽ ജോലി നഷ്ടമായെന്ന് ശശി തരൂർ എംപിയുടെ മകൻ ഇഷാൻ തരൂർ. വാഷിംഗ്ടൺ പോസ്റ്റിൽ മാധ്യമപ്രവർത്തകനായിരുന്ന ഇഷാൻ തരൂർ.
ജോലി നഷ്ടമായ വിവരം എക്സിലൂടെ ഇഷാൻ തന്നെയാണ് പങ്കുവച്ചത്. വാഷിംഗ്ടൺ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാർക്കും മറ്റ് പ്രിയപ്പെട്ട സഹപ്രവർത്തകർക്കുമൊപ്പം തനിക്കും ഇന്ന് ജോലി നഷ്ടമായിരിക്കുന്നുവെന്ന് ആരംഭിക്കുന്നതാണ് ഇഷാന്റെ കുറിപ്പ്.
തങ്ങളുടെ ന്യൂസ് റൂമിനെയോർത്ത്, പ്രത്യേകിച്ച് പോസ്റ്റിന്റെ അന്താരാഷ്ട്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ച മാധ്യമ പ്രവർത്തകരെയോർത്ത് തന്റെ ഹൃദയം വേദനിക്കുന്നു. തന്റെ സഹപ്രവർത്തകർക്കൊപ്പം 12 വർഷം പ്രവർത്തിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നുവെന്നും ഇഷാൻ അറിയിച്ചു.
തന്റെ 'വേൾഡ് വ്യൂ' എന്ന കോളം വായിച്ചിരുന്ന അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വസ്തരായ വരിക്കാരോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും ഇഷാൻ കൂട്ടിച്ചേർത്തു. വാഷിംഗ്ടൺ പോസ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ ഉൾപ്പെടെ ഏകദേശം 400 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
National
ന്യൂഡൽഹി: പാർലമെന്റിനു പുറത്തെ പടിക്കെട്ടിൽ തെന്നിവീണ് തിരുവനന്തപുരം എംപി ശശി തരൂർ. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫോണിൽ സംസാരിച്ച് കൊണ്ട് നടക്കുന്നതിനിടെയാണ് പടിക്കെട്ടിൽ നിന്ന് ശശി തരൂർ തെന്നിവീണത്.
ശശി തരൂർ വീഴുന്നത് കണ്ട് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേർന്ന് അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു.
തരൂരിന് കാര്യമായ പരിക്കുകൾ ഇല്ല. ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് ശശി തരൂർ പാർലമെന്റിലെത്തിയത്.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് എന്തെല്ലാം ഉണ്ടാകുമെന്ന ആകാംക്ഷയിലാണെന്ന് ശശി തരൂർ എംപി.
ധനമന്ത്രി എന്താണ് പറയുന്നതെന്ന് കേൾക്കാൻ നാമെല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സാമ്പത്തിക സർവേ നല്ല സാമ്പത്തിക വളർച്ച പ്രവചിക്കുന്നു. ആ വളർച്ചയ്ക്കൊപ്പം തൊഴിലുകളും ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു.
"തൊഴിലില്ലായ്മയുടെ വർധന ആരെയും സഹായിക്കില്ല. അതിനാൽ, ഇന്ത്യയിലെ യുവാക്കൾക്ക് ഈ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അവരുടെ മനസിലുള്ള പദ്ധതികൾ എന്തൊക്കെയാണെന്ന് കാണാൻ ഞങ്ങൾ ആകാംക്ഷയിലാണ്.'- ശശി തരൂർ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ ഗാന്ധി തന്റെ നേതാവാണെന്നും രാജ്യത്തെ പല പ്രശ്നങ്ങളിലും രാഹുലിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും ഡോ. ശശി തരൂർ എംപി.
കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു തരൂർ. കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസം നിലനിന്നിരുന്ന തരൂർ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നലെ കെപിസിസി ആസ്ഥാനത്ത് മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണ ചടങ്ങിൽ തരൂർ പങ്കെടുത്തത്. താൻ എവിടെയും പോകില്ലെന്നും കോണ്ഗ്രസിൽത്തന്നെയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനുവേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങുമെന്നും തരൂർ കൂട്ടിച്ചേർത്തു. ചില വിഷയങ്ങളിൽ മാധ്യമങ്ങൾ വ്യക്തിപരമായ അഭിപ്രായങ്ങൾ ചോദിക്കുമ്പോൾ അതിനു മറുപടി നല്‍കിയിട്ടുണ്ട്. എന്നാൽ, അത് പാർട്ടിയുടെ അഭിപ്രായമല്ല.
പാർട്ടി അഭിപ്രായം പാർട്ടിയുടെ വക്താക്കൾതന്നെ വ്യക്തമാക്കുമെന്നു പറഞ്ഞാണ് തന്റെ അഭിപ്രായങ്ങൾ പറയാറുള്ളതെന്നും തരൂർ കൂട്ടിച്ചേർത്തു. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും തരൂർ പറഞ്ഞു.
Kerala
തിരുവനന്തപുരം: എക്കാലവും രാഹുൽ ഗാന്ധിക്കൊപ്പവും കോൺഗ്രസ് നേതൃത്വത്തിനൊപ്പവും ഉറച്ചു നിൽക്കുന്നയാളാണ് താനെന്ന് ശശി തരൂർ എംപി. ഡൽഹിയിലെ ചർച്ചകൾക്കു ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ തരൂർ, അടുത്ത തെരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണത്തിനിറങ്ങുമെന്നും പറഞ്ഞു.
പാർട്ടിക്ക് നിലപാടുള്ള വിഷയങ്ങളിൽ താൻ എതിർ അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ സ്വതന്ത്ര വിഷയങ്ങളിൽ വ്യത്യസ്തമായ നിലപാടുകളുണ്ട്. രാഹുൽ ഗാന്ധി വർഗീയതക്കെതിരെ പോരാടുന്ന ആളാണ്.
ഡൽഹിയിൽ രാഹുലുമായി നടത്തിയ ചർച്ച പൂർണ തൃപ്തികരമാണ്. ദുബായിൽ മറ്റു പാർട്ടികളുമായി രഹസ്യ ചർച്ച നടത്തിയെന്നത് വെറും മാധ്യമ സൃഷ്ടിയാണെന്നും തരൂർ പറഞ്ഞു.
National
ന്യൂഡൽഹി: അന്താരാഷ്ട്ര വിഷയങ്ങളിൽ താൻ എടുക്കുന്ന നിലപാടുകൾ രാഷ്ട്രീയവത്കരിക്കരുതെന്ന് ശശി തരൂർ എംപി. ചില വിഷയങ്ങളിലെ തന്റെ വീക്ഷണങ്ങളെ ബിജെപി അനുകൂലമായി ചിലർ തെറ്റിദ്ധരിക്കുകയാണ്.
പഹൽഗാം ആക്രമണത്തിനു പിന്നാലെ നയതന്ത്ര ബന്ധത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി തരൂർ രംഗത്തെത്തിയത്. ചില കാര്യങ്ങളിൽ രാജ്യത്തിനുവേണ്ടി സംസാരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്.
താൻ ഇപ്പോഴും കോൺഗ്രസിലാണ്. എവിടേക്കും പോകില്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയും യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്യുമെന്നും തരൂർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കോൺഗ്രസിന്റെ അഭിമാനമാണ് ശശി തരൂരെന്നും ഈ തെരഞ്ഞെടുപ്പിൽ പോരാട്ടത്തിന്റെ മുഖമായിരിക്കും അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും ശശി തരൂർ സജീവമാകും. 100 സീറ്റുകളിൽ അധികം നേടാനുള്ള പോരാട്ടത്തിന്റെ മുഖമായിരിക്കുമെന്നും അദ്ദേഹം.
അതേസമയം, നേമത്ത് മത്സരിക്കാമോ എന്ന വി. ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് മറുപടി പറയാൻ ഇല്ലെന്നും സതീശന് പറഞ്ഞു. ദിവസവും എനിക്ക് എതിരെ 10 കാർഡ് ഇറക്കുകയാണ്. നല്ല സംസ്കാരവും നിലവാരവും ഉള്ള ആളാണ് ശിവന്‍കുട്ടി. എനിക്ക് അത്രയും നിലവാരവും സംസ്കാരവും ഇല്ല.
തെരഞ്ഞെടുപ്പിൽ ചർച്ചയാവുക പൊളിറ്റിക്കൽ അജണ്ടയാണ്. നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിലും തനിക്ക് ഇങ്ങനെ പബ്ലിസിറ്റി തരല്ലേ. ശിവൻകുട്ടിയുടെ ഓഫീസിലെ സ്റ്റാഫിന്റെ നേതൃത്വത്തിൽ തനിക്കെതിരെ ക്യാമ്പയിൻ നടക്കുന്നു.
എകെജി സെന്ററിലെ ഒരാളുടെ നേതൃത്വത്തിലും മന്ത്രി ശിവൻകുട്ടിയുടെ ഓഫീസിലെ ഒരാളും ചേർന്ന് തനിക്കെതിരെ പ്രചാരണം നടത്തുന്നു. എന്നെ തോട്ടയിട്ട് പിടിക്കാനുള്ള ശ്രമമാണ്. അദ്ദേഹത്തിന് എതിരെ മത്സരത്തിന് ഒന്നും ഞാൻ ഇല്ല.-സതീശന് പറഞ്ഞു.
National
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി.
പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. രണ്ടുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുവെന്നാണ് വിവരം. പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.
പറയാനുള്ളത് രണ്ടുഭാഗത്തും പറഞ്ഞുകഴിഞ്ഞു. ഒരുമിച്ച് മുന്നോട്ടുപോകും. പറയാനുണ്ടായിരുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ സംസാരിച്ചു. കേരളത്തിൽ പ്രചാരണത്തിനിറങ്ങുമെന്നും തരൂർ മാധ്യമങ്ങളോടു പറഞ്ഞു.
പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാൽ അത്രയും നല്ലത് എന്ന നിലപാട് തരൂർ കൂടിക്കാഴ്ചയിൽ പങ്കുവെച്ചുവെന്നാണ് വിവരം.
National
ന്യൂഡൽഹി: സിപിഎമ്മിലേക്കെന്ന വാർത്ത തള്ളി ശശി തരൂർ എംപി. ദുബായില്‍ ചർച്ച നടത്തിയെന്ന ആരോപണം മാധ്യമങ്ങൾ സൃഷ്ടിച്ചതെന്നാണ്. തനിക്ക് പറയാനുള്ളത് പാർട്ടിയിൽ പറയും. അതിന് അവസരം വരുമെന്നതിൽ സംശയമില്ലെന്നും തരൂർ പറഞ്ഞു.
ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ചേർന്ന നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാതിരുന്നത് സ്ഥലത്ത് ഇല്ലാത്തതുകൊണ്ടാണ്. അവർ എന്നെ ക്ഷണിക്കുന്നത് ഇന്നലെയോ മിനിഞ്ഞാന്നോ ആയിരുന്നു.
അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും തരൂർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച ജനപ്രതിനിധികളെ ഉൾപ്പെടുത്തി കോൺഗ്രസ് കൊച്ചിയിൽ സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ അവഗണന നേരിട്ടു എന്നതാണ് തരൂരിന്റെ പരാതി.
Kerala
തിരുവനന്തപുരം: കോൺഗ്രസുമായി പരിഭവം തുടർന്ന് ശശി തരൂർ. ഇന്നു നടക്കുന്ന കോൺഗ്രസ് പാർലമെന്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. പങ്കെടുക്കാനായി തരൂരിനു പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു.
എന്നാൽ, തരൂർ യോഗത്തിൽ പങ്കെടുക്കില്ലെന്നും ബുധനാഴ്ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കും ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. ദുബായിയിൽനിന്നു ഇന്നു ഡൽഹിയിൽ തിരിച്ചെത്തുന്ന തരൂരിന്റെ പരിപാടികളിലുള്ളത് ബുധനാഴ്ച പങ്കെടുക്കേണ്ട പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ്.
അതേസമയം, തരൂർ സിപിഎമ്മിനു കൈ കൊടുക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ തരൂര്‍ കടുത്ത അതൃപ്തിയിൽ തുടരുകയാണ് തരൂർ. എന്നാൽ, തരൂരിന്റെ അതൃപ്തി പരിഹരിക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂര്‍ സിപിഎമ്മിനൊപ്പം പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുമുണ്ട്.
എല്ലാ ഭിന്നതയും മാറ്റിവച്ച് വയനാട് ക്യാമ്പിലെത്തിയ ശശി തരൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലായിടത്തും പ്രചാരണത്തിന് എത്താമെന്നു വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, കൊച്ചിയിൽ കോണ്‍ഗ്രസ് നടത്തിയ മഹാ പഞ്ചായത്തോടെ പഴയതിനേക്കാള്‍ കാര്യങ്ങള്‍ വഷളായി.
രാഹുൽ കണ്ട ഭാവം നടിച്ചില്ല, പേരു പറഞ്ഞില്ല, പ്രവര്‍ത്തക സമിതി അംഗമായിട്ടും രാഹുൽ വരുന്നതിനു മുമ്പേ പ്രസംഗിപ്പിച്ചു എന്ന പരാതിയാണ് തരൂരിനുള്ളത്. തന്നെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടു. ഇതിനിടെയാണ് ദുബായിയിലെ വ്യവസായി വഴി സിപിഎം പാലമിട്ടത്. എന്നാൽ, അക്കാര്യം തരൂര്‍ നിഷേധിക്കുകയാണ്.
Kerala
ദുബായ്: സിപിഎം പ്രവേശനം സംബന്ധിച്ച് വ്യവസായിയുമായി ചർച്ച നടത്തിയെന്ന വാർത്തയിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. വാർത്ത വന്നപ്പോൾ താൻ വിമാനത്തിൽ ആയിരുന്നുവെന്നും വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും തരൂർ പറഞ്ഞു.
നിലവിൽ ദുബായിലാണ് ശശി തരൂർ. രാഷ്ട്രീയ വിഷയങ്ങളിൽ വിദേശത്ത് വച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ എംപി വാർത്തകൾ താൻ മാധ്യമങ്ങളിലൂടെ അറിഞ്ഞതായും വ്യക്തമാക്കി. കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിനെ ഒപ്പം കൂട്ടാനാണ് സിപിഎമ്മിന്റെ ശ്രമം.
ഇതിന്റെ ഭാഗമായി ദുബായിൽ നിർണായക ചർച്ചകൾ നടന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള വ്യവസായിയാണ് ചർച്ചയ്ക്ക് മുൻകൈ എടുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
കോൺഗ്രസിന്റെ മഹാപഞ്ചായത്തിൽ ശശി തരൂരിന് അവഗണന നേരിട്ടിരുന്നു. രാഹുൽ ഗാന്ധി കൈ കൊടുക്കാതെയും പേര് പരാമർശിക്കാതെയും അപമാനിച്ചെന്ന വികാരമുള്ള ശശിതരൂരിനെ കൂടെ കൂട്ടാനാണ് സിപിഎമ്മിന്റെ അപ്രതീക്ഷിതനീക്കം.
അതേസമയം തരൂരിന്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇടതമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ നിഷേധിച്ചിട്ടില്ല. ഇടത് നിലപാടിനോട് യോജിപ്പുള്ള ആർക്കും വരാമെന്ന് കൺവീനർ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന ശശി തരൂർ എംപിയെ ഒപ്പം കൂട്ടാൻ സിപിഎം. ദുബായിയിലുള്ള ഒരു വ്യവസായി വഴിയാണ് ചർച്ചകൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ ദുബായിലുള്ള തരൂർ രാത്രിയിൽ വ്യവസായിയുമായി ചർച്ച നടത്തുമെന്നും സൂചനകളുണ്ട്.
കോൺഗ്രസ് കൊച്ചിയിൽ നടത്തിയ മഹാപഞ്ചായത്തിൽ തരൂരിന് അവഗണന നേരിട്ടിരുന്നു. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം പാർട്ടി നടത്തുന്നതിനിടെയാണ് നിർണായക നീക്കവുമായി സിപിഎം രംഗത്തെത്തിയത്. 27ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
ആ യോഗത്തിൽ തരൂര്‍ പങ്കെടുക്കില്ല. അതേസമയം രാഹുൽഗാന്ധി തരൂരുമായി ചർച്ച നടത്തും. തരൂരിനെ പിണക്കി നിർത്തുന്നത് ശരിയല്ലെന്ന സന്ദേശം നേതാക്കൾ രാഹുലിന് നൽകിയെന്നാണ് സൂചന. പാർലമെന്റ് സമ്മേളനത്തിന് മുൻപ് തന്നെ പിണക്കം തീർക്കാനാണ് ശ്രമം.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയപ്പോൾ തരൂർ ബിജെപിയിൽ ചേരുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. ആ സമയം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പടെയുള്ളവർ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു.
National
മുംബൈ: ഇന്ത്യയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ചെയ്യുന്ന ആളെന്ന് ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീറിനെ വിശേഷിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഗംഭീറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ശശി തരൂരിന്റെ പ്രതികരണം. എക്സ് പ്ലാറ്റ്ഫോമിൽ ഗംഭീറിനോപ്പമുള്ള ചിത്രവും തരൂർ പങ്കുവച്ചു.
പ്രധാനമന്ത്രി കഴിഞ്ഞാൽ കഠിനമേറിയ ജോലി ചെയ്യുന്ന വ്യക്തി. ദിവസവും ഒരുപാടു വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരാള്‍. അപ്പോഴും ശാന്തനായി, നിര്‍ഭയം പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെയും നേതൃമികവിനെയും അഭിനന്ദിക്കുന്നുവെന്നും ഗംഭീറുമൊത്തുള്ള ചിത്രം പങ്കുവച്ച് തരൂർ കുറിച്ചു.
അതേസമയം തരൂരിന് നന്ദി അറിയിച്ച ഗംഭീർ, ടീമിൽ താൻ സര്‍വാധികാരിയല്ലെന്നും പ്രതികരിച്ചു. നന്ദിയുണ്ട്. പൊടിപടലങ്ങള്‍ അടങ്ങിക്കഴിയുമ്പോള്‍ പരിശീലകനു സര്‍വാധികാരങ്ങളുണ്ടെന്ന തോന്നലിനു പിന്നിലെ സത്യവും വസ്തുതയും പുറത്തുവരുമെന്നും ഗംഭീർ എക്സിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കുമെന്നു പ്രഖ്യാപിച്ച നേമം നിയമസഭാ മണ്ഡലത്തിൽ ശശി തരൂർ എംപിയോട് രംഗത്തിറങ്ങാൻ കോണ്‍ഗ്രസ് ഉന്നത നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ നേമത്ത് ഒരു സാഹസിക പരീക്ഷണത്തിന് ഇല്ലെന്നും തിരുവനന്തപുരം സെൻട്രൽ ആണെങ്കിൽ തയാറാണെന്ന നിലപാടിലാണ് ശശി തരൂർ എന്ന് അറിയുന്നു.
വിജയസാധ്യത മാത്രം കണക്കാക്കി പരമാവധി സീറ്റുകൾ പിടിക്കുവാൻ ഉതകുന്നവരെ മത്സരത്തിന് ഇറക്കാനുള്ള സുനിൽ കനഗോലുവിന്റെ നിർദേശത്തിന്റെ ഭാഗമായാണ് ശശി തരൂരിനോടു നേമത്ത് മത്സരിക്കാൻ ആവശ്യപ്പെട്ടത്.
എന്നാൽ, നിലവിൽ സിപിഎമ്മിലെ മന്ത്രി വി. ശിവൻകുട്ടി ജയിച്ചതും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ പോലും ബിജെപി സ്ഥിരമായി ഒന്നാമതെത്തുന്നതുമായ നേമത്തെ മത്സരം ആത്മഹത്യാ പരീക്ഷണം പോലെ ആകുമെന്ന ഭീതി ശശി തരൂർ ക്യാന്പിന് ഉണ്ട്.
ജയിച്ചാൽ ഒരു മണ്ഡലം കൂടി പിടിച്ചെടുക്കാം എന്നും നേമത്ത് തോറ്റാൽ ശശി തരൂരിന്റെ അസംബ്ലി , മുഖ്യമന്ത്രി മോഹങ്ങൾ തടയാൻ ആകുമെന്നുമാണ് കോണ്‍ഗ്രസിലെ ചിലരുടെ മോഹം എന്ന് കരുതുന്നവരുമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾക്കു ശശി തരൂർ മത്സരത്തിന് ഇറങ്ങുന്നതിനോട് ആഭിമുഖ്യമില്ല .
എന്നാൽ, എഐ സിസിയിലെ ഒരു പ്രമുഖന് ഇക്കാര്യത്തിൽ താല്പര്യമുണ്ട് .ഒരു പക്ഷേ തരൂരിന്റെ ഡൽഹിയിലെ സാന്നിധ്യം കുറയ്ക്കാൻ ആകുമെന്നാകും കണക്കുകൂട്ടൽ.
തരൂർ നിയമസഭാ മത്സരിച്ചു ജയിക്കുകയും എംപി സ്ഥാനം രാജിവയ്ക്കുകയും ചെയ്യേണ്ടി വന്നാൽ ഉപതെരഞ്ഞെടുപ്പ് വരും. അങ്ങനെ വന്നാൽ കോണ്‍ഗ്രസിനു ജയിക്കാൻ ആകുമോ എന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. സീറ്റ് മോഹികളായ മറ്റ് എംപിമാർ മത്സരിക്കാനിറങ്ങുന്നത് ദോഷം ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തൽ.
സ്ഥാനാർഥിമോഹികളെ ക്കൊണ്ട് നട്ടംതിരിയുന്ന പാർട്ടിക്ക് അതു കൂടുതൽ ബാധ്യതയാകും. എംപിമാർ നിയമസഭയിൽ ജയിച്ചു വന്നാൽ ആ മണ്ഡലത്തിൽ വീണ്ടും ജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
അടൂർ പ്രകാശ് (ആറ്റിങ്ങൽ) ബെന്നി ബഹനാൻ (ചാലക്കുടി) കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര )എന്നിവരുടെ കാര്യത്തിൽ പാർട്ടി ചിന്തിക്കുന്നത് അങ്ങനെയാണ്. എന്നാൽ സാമുദായികവും പ്രാദേശികവുമായ പ്രാതിനിധ്യം ഉറപ്പിക്കാൻ ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നേതൃത്വം ചില വിട്ടുവീഴ്ചകൾ നടത്തിയേക്കും.
Kerala
തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി രംഗത്ത്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെയുള്ള ബിജെപിയുടെ നിരന്തര വിമർശനങ്ങളെയാണ് തരൂർ കുറ്റപ്പെടുത്തിയത്.
എല്ലാ കാര്യത്തിലും ജവഹർലാൽ നെഹ്റുവിനെ ബിജെപി കുറ്റപ്പെടുത്തുന്നുവെന്ന് ശശി തരൂർ പറഞ്ഞു. ജവഹർലാൽ നെഹ്രുവിനെ എല്ലാ കാര്യത്തിലും ക്രൂശിക്കേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ എംപി. ചില കാര്യങ്ങളിൽ നെഹ്രുവിന്റെ ഇടപെടൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും 1962ൽ ചൈനയോട് ഏറ്റ തോൽവി ഇതിന് ഉദാഹരണമാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
Kerala
സുൽത്താൻ ബത്തേരി: ശശി തരൂർ പാർട്ടിക്കു വിലപ്പെട്ട നേതാവാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ചില കാര്യങ്ങളിൽ അദ്ദേഹം നടത്തുന്ന പ്രസ്താവനകളിൽ ശ്രദ്ധിക്കണമെന്നു പാർട്ടി അദ്ദേഹത്തോട് പലവട്ടം പറഞ്ഞിട്ടുണ്ട്. അത്തരം പ്രസ്താവനകൾ അദ്ദേഹം ഇപ്പോൾ നടത്താറില്ല. ശശി തരൂരിനെപ്പോലുള്ളയാളെ പാർട്ടിയിൽ ഉപയോഗിക്കണമെന്നുതന്നെയാണു കോൺഗ്രസിന്റെ ചിന്താഗതി.
അവിശ്വാസികളെ ദേവസ്വം ബോർഡ് ഏൽപ്പിച്ചതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശക്തമായ തുടർ സമരപരന്പരകൾക്ക് കോണ്‍ഗ്രസ് സംസ്ഥാനത്തു തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ലക്ഷ്യ' കെപിസിസി സംസ്ഥാന നേതൃക്യാന്പിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവഭയമില്ലാത്തവർ ദൈവത്തിന്റെ സ്വത്ത് സ്വന്തം സ്വത്താണെന്നു കരുതി കൊള്ളയടിക്കുന്ന സാഹചര്യം മാർക്സിസ്റ്റ് ഗവണ്മെന്റ് സൃഷ്ടിച്ചു. ഈ കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയും സുപ്രീംകോടതിയും നടത്തിയ നിരീക്ഷണങ്ങൾ അതീവ ഗൗരവതരമാണ്. രാജ്യത്തെ ഞെട്ടിക്കുന്ന ഈ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മാർക്സിസ്റ്റ് പാർട്ടിയും ഗവണ്മെന്റും സ്വീകരിക്കുന്നത്.
ശബരിമലയിൽ നടന്നത് സങ്കൽപ്പിക്കാൻപോലും കഴിയാത്ത കൊള്ളയാണ്. അന്താരാഷ്ട്ര ബന്ധങ്ങൾ വെളിച്ചത്തുവന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടുവെന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. എസ്ഐടിയെ സ്വാധീനിക്കാൻ സർക്കാർ എങ്ങനെ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണു ഹൈക്കോടതിയുടെ ഓരോ നിരീക്ഷണങ്ങളും ഇടപെടലും.
കൂടുതൽ ജാഗ്രതയോടും കരുതലോടുംകൂടി പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജനങ്ങളിലേക്ക് എത്താനുള്ള കർമപരിപാടികളാണ് ദ്വിദിന ലീഡർഷിപ്പ് സമ്മിറ്റ് ആവിഷ്കരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ വ്യക്തമായ കാന്പയിനുകളും പ്രചാരണ പരിപാടികളും സമരങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും. സ്ഥാനാർഥിനിർണയത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ മധുസൂദൻ മിസ്ത്രി ചെയർപേഴ്സണായ സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചുകഴിഞ്ഞു.
സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഉടൻതന്നെ കേരളം സന്ദർശിക്കും. കേരളത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ക്രീനിംഗ് കമ്മിറ്റിക്ക് മുന്‍പാകെ നിർദേശങ്ങൾ സമർപ്പിക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്യും. ജനുവരി അവസാനത്തോടുകൂടി ആദ്യഘട്ട സ്ഥാനാർഥികളെയെങ്കിലും പ്രഖ്യാപിക്കാനാണു പാർട്ടി ലക്ഷ്യമിടുന്നത്. നിലവിലെ എംപിമാർ വീണ്ടും മത്സരിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച കാര്യങ്ങൾ തെരഞ്ഞെടുപ്പ് സമിതികളിലും സ്ക്രീനിംഗ് കമ്മിറ്റികളിലുമാണു ചർച്ച ചെയ്യേണ്ടത്.
തെരഞ്ഞെടുപ്പ് സർവേകൾക്കും മറ്റുമായി സുനിൽ കനുഗോലുവിന്റെ സേവനങ്ങൾ പാർട്ടി പ്രയോജനപ്പെടുത്തുന്നുണ്ട്. അദ്ദേഹം നിലവിൽ എഐസിസി അംഗവും പാർട്ടിയുടെ ഭാഗവുമാണ്. ഭരണപക്ഷത്തുള്ളവർക്ക് വലിയ സാന്പത്തിക സ്രോതസുകളും പിആർ സംവിധാനങ്ങളുമുണ്ടാകാം.
എന്നാൽ, വലിയ സാന്പത്തിക ശേഷിയൊന്നും ഇല്ലാതെ പാവപ്പെട്ട ജനങ്ങളുടെ സഹായത്തോടുകൂടിയാണ് കോണ്‍ഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാർട്ടിയിലെ ഐക്യവും തെരഞ്ഞെടുപ്പ് മുന്നൊരുവും ഒത്തുചേർന്ന് പോകേണ്ടതുണ്ടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
സുൽത്താൻ ബത്തേരി: കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധത്തിലാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ശശി തരൂര്‍ എംപി. കോൺഗ്രസ് പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്നും തരൂർ പറഞ്ഞു.
താൻ നരേന്ദ്ര മോദിയെ പുകഴ്ത്തിയിട്ടില്ലെന്ന് പറഞ്ഞ അദേഹം സോഷ്യൽ മീഡിയയിൽ താൻ പങ്കുവച്ച പോസ്റ്റ് വായിച്ചാൽ ആർക്കും ഇക്കാര്യം മനസിലാക്കാവുന്നതേയുള്ളൂ എന്നും വ്യക്തമാക്കി. പോസ്റ്റ് വായിക്കാതെ വാർത്തകളിലെ തലക്കെട്ടുകൾ വായിച്ചാണ് വിവാദമുണ്ടാക്കുന്നതെന്നും തരൂർ പറഞ്ഞു.
17 വർഷം പാർട്ടിക്കൊപ്പം പ്രവർത്തിച്ച തന്നെക്കുറിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്നും ശശി തരൂർ എംപി വ്യക്തമാക്കി. എല്‍. കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്നത് പ്രായമായ ഒരാളെ ബഹുമാനിച്ചതാണെന്നും എംപി അറിയിച്ചു.
മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരും പാര്‍ട്ടിയിലുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും തരൂർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും ശശി തരൂർ എംപി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വിശ്വാസികൾ അല്ലാത്തവർക്ക് ദേവസ്വം ഏൽപിച്ചു കൊടുത്തതിന്റെ ഫലമാണ് ശബരിമലയിൽ നടന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ സമരം ഉണ്ടാകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ശബരിമലയിൽ നടന്നത് സങ്കൽപിക്കാൻ പോലും കഴിയാത്ത കൊള്ളയാണെന്നും എഐസിസി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. ജനുവരി 19ന് നടക്കുന്ന കോൺഗ്രസിന്റെ മെഗാ പഞ്ചായത്തിൽ രാഹുൽഗാന്ധി പങ്കെടുക്കുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഉടൻ കേരളം സന്ദർശിക്കും. കേരളത്തിലെ ഇലക്ഷൻ കമ്മിറ്റി പട്ടിക നൽകും. ജനുവരി മാസം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.
സുനിൽ കനഗുലുവിന്റെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം. കോൺഗ്രസ് സാമ്പത്തിക പ്രതിസന്ധിയുള്ള പാർട്ടിയാണെന്നും എല്ലാവരും തേങ്ങ ചിരകുമ്പോൾ തങ്ങൾ ചിരട്ടയെങ്കിലും ചിരകണ്ടേയെന്നും അദേഹം ചോദിച്ചു.
ശശി തരൂർ പാർട്ടി ലൈനിൽ പ്രവർത്തിക്കുന്നതിൽ സന്തോഷം അറിയിച്ച എഐസിസി ജനറൽ സെക്രട്ടറി ശശി തരൂർ പാർട്ടിക്ക് വിലപ്പെട്ട നേതാവാണെന്നും കൂട്ടിച്ചേർത്തു.
Kerala
സുൽത്താൻ ബത്തേരി: ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് ശശി തരൂര്‍ എംപി. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പിലാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. ആരോഗ്യകരമായ വിമര്‍ശനം പാര്‍ട്ടിക്കുള്ളിൽ ഉന്നയിക്കണം.
നേതാക്കള്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടാകാം. അത് പുറത്ത് പറയാതെ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണമെന്നും പുറത്ത് ഒറ്റക്കെട്ടായി നിൽക്കണമെന്നും തരൂര്‍ പറഞ്ഞു. ബത്തേരിയിൽ നടക്കുന്ന നേതൃക്യാമ്പിൽ ഘടകക്ഷികള്‍ കൂടുതൽ നിയമസഭാ സീറ്റ് ആവശ്യപ്പെടുമ്പോള്‍ സ്വീകരിക്കേണ്ട നയം എന്താകണമെന്ന കാര്യത്തിലടക്കം അഭിപ്രായം ഉയര്‍ന്നു.
ഇക്കാര്യത്തിലടക്കം പ്രശ്നങ്ങളില്ലാതെ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന അഭിപ്രായമാണ് നേതാക്കള്‍ ഉയര്‍ത്തിയത്. നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് തീരുമാനം.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍ എംപി. മുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ്. 2024 ൽ മത്സരിക്കുമ്പോൾ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്മകൾ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ശശി തരൂര്‍ പറയുന്നു.
സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നു. സർക്കാരിനെ ജനങ്ങള്‍ അത്രത്തോളം മടുത്തു. അതിന് അവർ വോട്ട് ചെയ്തത് ബിജെപിക്കായിപ്പോയി എന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂർ പാതി ബിജെപിക്കാരൻ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടും തരൂർ പ്രതികരിച്ചു. എത്രയോ തവണ കേട്ട കാര്യമാണിത്. താൻ എഴുതുന്നത് പൂർണമായി വായിക്കണം എന്നായിരുന്നു തരൂരിന്റെ പ്രതികരണം.
National
പാറ്റ്ന: ബിഹാറിലെ എൻഡിഎ സർക്കാരിനെ പുകഴ്ത്തി ശശി തരൂർ എംപി. മുൻപ് ബിഹാറിലെ സ്ഥിതി മോശമാണെന്ന് താൻ കേട്ടിട്ടുണ്ട്. ഇന്ന് ബിഹാറിലെ സ്ഥിതി മെച്ചപ്പെട്ടു. ബിഹാറിൽ നല്ല റോഡുകൾ ഉണ്ട്. വൈദ്യുതിയും വെള്ളവും ലഭിക്കുന്നുവെന്നും തരൂർ പറഞ്ഞു.
ബിഹാറിൽ നളന്ദ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു തരൂർ. 20 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം നളന്ദയെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അതിന്റെ പൈതൃകത്തെക്കുറിച്ച് താൻ അത്ഭുതപ്പെട്ടു.
ഇപ്പോൾ കാമ്പസ് കാണാനും വിദ്യാർഥികളുമായി സംവദിക്കാനും സാധിച്ചത് സന്തോഷകരമായ കാര്യമാണ്. നളന്ദയെ മുന്നോട്ട് കൊണ്ടുപോകണം. അതിൽ സംശയമില്ല. സർക്കാർ പൂർണ പിന്തുണ നൽകണമെന്നും ശശി തരൂർ പറഞ്ഞു.
National
ന്യൂഡൽഹി: കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂർ എംപി. കോൺഗ്രസിന് ദിശാബോധവും നയവുമില്ലെന്ന അവലോകനം ട്വിറ്ററിൽ പങ്കുവച്ചാണ് തരൂർ വീണ്ടും പാർട്ടിക്കെതിരെ തിരിഞ്ഞത്.
കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നുവെന്ന് അവലോകനത്തിൽ പറയുന്നു. ബദൽ നയം ഇല്ലാതെ എതിർപ്പ് മാത്രമായി കോൺഗ്രസ് മാറുന്നുവെന്ന നിരീക്ഷണവും വിമർശനത്തിലുണ്ട്. തരൂരിനെ കോൺഗ്രസ് ഒതുക്കുന്നുവെന്നും അവലോകനത്തിൽ പറയുന്നു.
പാവങ്ങളുടെ മിശിഹ ആകാൻ നോക്കിയ കോൺഗ്രസ് ബിജെപിക്കു മുന്നിൽ പരാജയപ്പെട്ടു. നിരീക്ഷണം യാഥാർത്ഥ്യം എന്നും ചിന്താപരമെന്നും തരൂർ വിലയിരുത്തുന്നു. തരൂർ മൻമോഹൻസിംഗ് അടക്കമുള്ള നേതാക്കളുടെ വിചാരധാരയുടെ പ്രതീകമെന്നും അവലോകനത്തിൽ പറയുന്നുണ്ട്.
എന്നാൽ ഇതിനെക്കുറിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം പ്രതികരിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ വിജയിച്ച ബിജെപി കൗൺസിലർമാരെ തരൂർ അഭിനന്ദിച്ചത് വിവാദമായിരുന്നു.
Kerala
കാസർഗോഡ്: ശശി തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് താൻ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞ.ു
ഒരു മനുഷ്യന് ഒരു ജന്മം ഒരു പാർട്ടിയെക്കൊണ്ട് നേടിയെടുക്കാനുള്ള പരമാവധി സ്വന്തമാക്കിയ തരൂരിന് ഇപ്പോൾ എന്താണ് അസ്വസ്ഥതയും അസംതൃപ്തിയും. എന്താണ് ഈ പാർട്ടിയിൽനിന്ന് അദ്ദേഹം ഇനി നേടാനുള്ളത്. അദ്ദേഹത്തിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്.
അദ്ദേഹത്തിന് വേണമെങ്കിൽ കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം പോകാം. എത്രപേർ പോയി. പോയവരുടെ സ്ഥിതിയെല്ലാം നാം കാണുന്നില്ലേ. എന്നാൽ ബിജെപിയിൽ ചേരുന്നെങ്കിൽ അത് കോൺഗ്രസ് പുറത്താക്കിയിട്ടേ ചേരൂ എന്ന വാശിപിടിച്ചാൽ ഈ ജന്മം അത് നടക്കാൻ പോകുന്നില്ല. അദ്ദേഹത്തിന്റെ മനസിലിരുപ്പ് കോൺഗ്രസ് ചെയ്യാൻ പോകുന്നില്ല. ഒരു രക്തസാക്ഷി പരിവേഷമൊന്നും അദ്ദേഹത്തിന് ഞങ്ങൾ കൊടുക്കില്ല.
ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിക്കുന്ന നരേന്ദ്ര മോദിയെ അനുകൂലിച്ച് തരൂർ പ്രസ്താവനകൾ നടത്തുമ്പോൾ കേരളത്തിലെ മതേതരവാദികളുടെ മനസ് വേദനിക്കും. എന്തൊരു അപരാദമാണ് തരൂർ ചെയ്യുന്നത്. ഇയാളെ വച്ച് വാഴിക്കരുത്. പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ വന്നാൽ മുറിച്ചുതന്നെ മാറ്റണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
National
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്രപതി ഭവനിൽ ശനിയാഴ്ച രാത്രി ഒരുക്കിയ ചടങ്ങിലാണ് ശശി തരൂർ പങ്കെടുത്തത്.
വിരുന്നിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് കോൺഗ്രസ് വിമർശിച്ചു.
പ്രതിപക്ഷത്തെ നേതാക്കളെ എന്തുകൊണ്ടാണ് വിളിക്കാതിരുന്നത് എന്ന് അറിയില്ലെന്നും പരിപാടിയിൽ പങ്കെടുത്തവർ ഇതിന് മറുപടി പറയണമെന്നും കോൺഗ്രസ് വാക്താവ് പവൻ ഖേര പറഞ്ഞു.
Kerala
ന്യൂഡൽഹി: ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോർജ് കുര്യൻ. കോൺഗ്രസ് നിയോഗിച്ച ആളായതുകൊണ്ട് മാത്രമാണ് വിളിച്ചതെന്നും ജോർജ് കുര്യൻ പറഞ്ഞു.
ശശി തരൂരിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്. അത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബോധ്യമാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്രത്തിന്റെ വികസനം മറയ്ക്കാൻ കേരളത്തിൽ ഇരു മുന്നണികളും ചർച്ച വഴി മാറ്റുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
കേരളത്തിൽ സ്വർണക്കൊള്ളയും ഗർഭക്കൊള്ളയും ചർച്ച ചെയ്യുകയാണ്. സംസ്ഥാനത്തെ സർവ വികസനവും കേന്ദ്രത്തിന്റേതാണ്. മുഖ്യമന്ത്രിയുടെ അവകാശ വാദം പൊളിക്കുമെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് കോൺഗ്രസ് എംപി ശശി തരൂരിന് ക്ഷണം. ക്ഷണം ലഭിച്ചതായും ചടങ്ങിൽ പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കി.
അതേസമയം ശശി തരൂരിന് ക്ഷണം ലഭിക്കുകയും പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണമില്ലാതിരിക്കുകയും ചെയ്ത നടപടിയിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധമുയർത്തിയിട്ടുണ്ട്. റഷ്യൻ നയതന്ത്രവുമായുള്ള ശശി തരൂരിന്റെ ദീർഘകാല ബന്ധമാണ് അദ്ദേഹം ക്ഷണിക്കപ്പെടാൻ കാരണമെന്നാണ് സൂചന.
വെള്ളിയാഴ്ച രാത്രിയിലാണ് രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡന്റിനായി രാഷ്ട്രപതി വിരുന്ന് നടത്തുന്നത്. രാജ്യം സന്ദർശിക്കുന്ന രാഷ്ട്രത്തലവൻമാർക്ക് രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് നൽകി ആദരിക്കുന്നത് ദീർഘകാല പരമ്പര്യമാണ്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന പ്രധാനപ്പെട്ട കോൺഗ്രസ് യോഗത്തിൽ നിന്നും വിട്ടുനിന്ന് ശശി തരൂർ എംപി. ശശി തരൂർ കേരളത്തിൽ അമ്മയ്ക്കൊപ്പമാണെന്നും അതിനാലാണ് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
നേരത്തെ, എസ്ഐആർ വിഷയത്തിൽ വിളിച്ചുചേർത്ത യോഗത്തിലും ശശി തരൂർ പങ്കെടുത്തിരുന്നില്ല. അനാരോഗ്യത്തെ തുടർന്നാണ് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നാണ് ശശി തരൂർ അറിയിച്ചത്.
എന്നാൽ, ഒരു ദിവസം മുൻപ് പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. കൂടാതെ, പ്രധാനമന്ത്രിയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ അദ്ദേഹം പോസ്റ്റുകൾ പങ്കുവയ്ക്കുകയും ചെയ്തു. ഇത് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്.
ഞായറാഴ്ചത്തെ യോഗത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പങ്കെടുത്തിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കുകൾ കാരണമാണ് പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം അറിയിച്ചു.
Kerala
കോഴിക്കോട്: ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് ശശി തരൂർ കരുതേണ്ടെന്നും തരൂരിന് എല്ലാ പരിഗണനയും പാർട്ടി നൽകിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.
ശശി തരൂരിന് വേണമെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോകാം. കോൺഗ്രസിന് ഗുണം ചെയ്യുന്ന പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ട്രംപ് മംദാനി സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്തിരുന്നു ശശി തരൂർ. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്പോട്ട് പോകണമെന്നും, രാജ്യ താല്പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.
Kerala
ദുബായി: പിഎം ശ്രീ പദ്ധതി നിരസിച്ചതിൽ വിമർശനവുമായി ശശി തരൂർ എംപി. സാമ്പത്തികമായി തകർന്നു നില്കുമ്പോഴും മുന്നിൽ വന്ന പദ്ധതി നിരസിച്ച് പണം നഷ്ടമായി എന്നാണ് തരൂരിന്റെ വിമര്‍ശനം.
ആദർശ ശുദ്ധി തെളിയിക്കാനായിരുന്നു ശ്രമം. എന്നാല്‍ പണം നിരസിച്ചത് മണ്ടത്തരമാണ്. ഇത് നമ്മുടെ പണമാണ്. അത് സ്വീകരിക്കണമെന്നും ശശി തരൂർ പറഞ്ഞു. പിഎം ശ്രീ പദ്ധതി എന്ന് പേരെടുത്തു പറയാതെയാണ് തരൂരിന്റെ വിമർശനം.
ഞാൻ പാർട്ടിക്കാരൻ ആയിരിക്കാം. പക്ഷെ തെരഞ്ഞെടുത്ത സർക്കാരുകൾക്കൊപ്പം പ്രവർത്തിക്കും. സ്കൂൾ മേൽക്കൂരകൾ ചോരുന്നു. എന്നിട്ടും പണം സ്വീക്കരിച്ചില്ല. മെറിറ്റ് കാണാതെ ആദർശ ശുദ്ധി വാദത്തിന് ജനവും പ്രാധാന്യം നൽകുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ താൻ ഇട്ട നിഷ്പക്ഷ പോസ്റ്റിന്റെ പേരിൽ പോലും ആക്രമിക്കപ്പെട്ടു. പ്രശംസ എന്ന് പറഞ്ഞായിരുന്നു ആക്രമണം. എന്നാല്‍, പോസ്റ്റിൽ ഒരു വരിപോലും താൻ പ്രശംസിച്ചിട്ടില്ല. ആദർശ ശുദ്ധി വാദം കൊണ്ട് കാര്യങ്ങൾ നടക്കില്ലെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിനെ തുടർന്ന് ശശി തരൂർ എംപിയ്ക്ക് രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. തരൂരിന് ഇന്ത്യയെക്കുറിച്ച് അറിവൊന്നുമില്ലെന്ന് സന്ദീപ് ദീക്ഷിത് പറഞ്ഞു.
ബിജെപിയുടെയോ പ്രധാനമന്ത്രി മോദിയുടെയോ തന്ത്രങ്ങൾ പാർട്ടിയേക്കാൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ശശി തരൂർ ചിന്തിക്കുന്നുണ്ടെങ്കിൽ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും സന്ദീപ് ദീക്ഷിത് വ്യക്തമാക്കി.
തരൂരിന്റെ അഭിപ്രായത്തിൽ രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നത് കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായിട്ടാണെങ്കിൽ അദ്ദേഹം ആ നയങ്ങൾ പിന്തുടരട്ടെ എന്നും എന്തിനാണ് കോൺഗ്രസിൽ തുടരുന്നതെന്നും സന്ദീപ് ദീക്ഷിത് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ.
ശശി തരൂര്‍ തലമറന്ന് എണ്ണ തേക്കുകയാണെന്നും നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂര്‍ രാഷ്ട്രീയത്തിലേയ്ക്ക് എത്തിയതെന്നും എം.എം.ഹസൻ പറഞ്ഞു. നെഹ്റു സെന്റര്‍ നടത്തുന്ന നെഹ്റു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വാനിയെ പുകഴ്ത്താന്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയര്‍പ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂര്‍. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നുകൊണ്ടാണ് അദ്ദേഹം നെഹ്റു കുടുംബത്തെ അവഹേളിച്ചത്.
മിനിമം മര്യാദ ഉണ്ടങ്കില്‍, വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് രാജി വച്ചിട്ട് വേണമായിരുന്നു അങ്ങനെ പറയാന്‍. മറ്റു കുടുംബങ്ങളെ പോലെയാണോ നെഹ്റു കുടുംബം. ഇന്ദിരയും സോണിയയും രാഹുലുമെല്ലാം ഗാന്ധി കുടുംബത്തിൽ നിന്നായതുകൊണ്ട് മാത്രം നേതൃത്വത്തിലേക്ക് വന്നതാണോ. വസ്തുതകൾ കണക്കിലെടുക്കാതെയാണ് തരൂരിന്റെ വിമർശനമെന്നും ഹസൻ വ്യക്തമാക്കി.
ഗാന്ധി കുടുംബത്തിനെതിരെ പറഞ്ഞ നിലപാട് മാറ്റിയില്ലെങ്കിൽ തരൂരിനെതിരെ ജനങ്ങൾ ഇറങ്ങും. നെഹ്റു സെന്ററിന്റെ പേരിലാണ് ഇറങ്ങുക. താനും വോട്ട് ചെയ്തതാണ്, തനിക്കിത് പറയാൻ അർഹതയുണ്ടെന്നും ഹസൻ പറഞ്ഞു. നെഹ്റുവിന്റെ ജന്മദിനം ആയതുകൊണ്ടാണ് താന്‍ ഇത്രയും പറഞ്ഞതെന്നും എം.എം. ഹസന് കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവല്ല: കുടുംബ വാഴ്ചയിൽ നെഹ്റു കുടുംബത്തിനെതിരായ ശശി തരൂർ എംപിയുടെ പരാമർശം തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചവരാണ് നെഹ്റു കുടുംബമെന്ന് കുര്യൻ പറഞ്ഞു.
കോൺഗ്രസ് നയങ്ങളെ വിമർശിക്കുന്നവർക്കും കോൺഗ്രസിൽ ഇടമുണ്ട്. പാർട്ടിക്ക് പുറത്ത് പാർട്ടിയുടെ നയത്തെ വിമർശിക്കുന്നത് ചെയ്യാൻ പാടില്ലാത്തതെന്നും കുര്യൻ പറഞ്ഞു.
ശശി തരൂർ അദേഹത്തിന്റെ കാഴചപ്പാട് പറഞ്ഞതായിരിക്കാം. എന്നാൽ ആ കാഴ്ചപ്പാടിനോട് താൻ യോജിക്കുന്നില്ല. ശശി തരൂരിന്റെ പരാമർശം നെഹ്റു കുടുംബത്തെ ഉദേശിച്ചതാണെന്ന് അദേഹം പോലും പറഞ്ഞിട്ടില്ല. ലേഖനം വായിച്ചില്ല.
നെഹ്റു കുടുംബം കുടുംബാധിപത്യം വഴി വന്നവരല്ല. നെഹ്റു കുടുംബത്തെ ജനങ്ങൾ തെരഞ്ഞെടുത്തതാണെന്നും കുര്യൻ പറഞ്ഞു.
National
ന്യൂഡൽഹി: കുടുംബാധിപത്യം സംബന്ധിച്ച ശശി തരൂരിന്റെ ലേഖനം തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്. അത്തരം പരാമർശം നടത്തുന്നവരോട് സഹതാപം മാത്രമെന്ന് അദ്ദേഹം പറഞ്ഞു.
ഈ നാടിനുവേണ്ടി ജീവൻ സമർപ്പിച്ച വരാണ് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും. അവര്‍ കേവലം കുടുംബാധിപത്യത്തിന്റെ ഭാഗമായി വന്നവരാണെന്ന് പറയുന്നവരോട് സഹതപിക്കാനേ കഴിയൂ.
കുടുംബാധിപത്യം എന്ന് പറയുന്നത് ഒരു കാരണവശാലും നീതീകരിക്കപ്പെടുന്നതല്ല. എന്തുകൊണ്ട് പറഞ്ഞു എന്നുള്ളത് ശശി തരൂരിനോട് ചോദിക്കണം. അദ്ദേഹം വിശദീകരിക്കട്ടെയെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 40 പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി.
കരൂരിലേത് ദാരുണവും വേദനാജനകവുമായ സംഭവമാണെന്ന് ശശി തരൂർ പറഞ്ഞു. ആൾക്കൂട്ടങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ രാജ്യത്തെ സംവിധാനങ്ങളിൽ പാളിച്ചയുണ്ട്. എല്ലാ വർഷവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.
ബംഗളൂരുവിലെ സംഭവം ഓർക്കുന്നു. തിക്കിലും തിരക്കിലുംപെട്ട് കുട്ടികൾ മരിക്കുന്നത് ഹൃദയഭേദകമാണെന്നും ശശി തരൂർ പറഞ്ഞു.
Kerala
ആലപ്പുഴ: ശശി തരൂർ ലക്ഷ്മണരേഖ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം വിദേശയാത്ര ചെയ്യുന്നത് നല്ല കാര്യമാണെന്ന് വേണുഗോപാൽ പ്രതികരിച്ചു.
കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ 52 വെട്ട് വെട്ടുന്ന പാർട്ടിയല്ല.
എന്നാൽ ലക്ഷ്മണരേഖ ലംഘിച്ചാൽ നടപടി എടുക്കാൻ പാർട്ടിക്ക് അവകാശമുണ്ട്. അങ്ങനെ വന്നാൽ ആ രീതിയിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വീണ്ടും കേന്ദ്രദൗത്യവുമായി തരൂർ വിദേശയാത്രയ്ക്ക് പോകാനിരിക്കെയാണ് വേണുഗോപാലിന്റെ പ്രതികരണം. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായാണു തരൂരിന്റെ യാത്ര. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാർക്കൊപ്പം അതതു സർക്കാരുകളുമായി ചർച്ച നടത്തുകയാണു ലക്ഷ്യം.
കോൺഗ്രസിനെ അറിയിക്കാതെയാണ് തരൂരിന്റെ യാത്രയെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സ്വീകരിച്ച നിലപാടുകളുമായി ബന്ധപ്പെട്ടു വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തി മടങ്ങിയെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
National
ന്യൂഡൽഹി: വീണ്ടും കേന്ദ്രദൗത്യവുമായി വിദേശരാജ്യങ്ങളിലേക്ക് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായാണു തരൂരിന്റെ യാത്ര. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാർക്കൊപ്പം അതതു സർക്കാരുകളുമായി ചർച്ച നടത്തുകയാണു ലക്ഷ്യം.
അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോൾ കൂടുതൽ രാജ്യങ്ങളെ ഇന്ത്യക്കൊപ്പം നിർത്താനാണു കേന്ദ്രനീക്കം. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സ്വീകരിച്ച നിലപാടുകളുമായി ബന്ധപ്പെട്ടു വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തി മടങ്ങിയെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.